മനാമ: ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി 2025 ലെ ഇ-ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിനായി പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അവരുടെ ഐ.സി.ടി സംരംഭങ്ങള്‍ സമര്‍പ്പിക്കാം. ജൂണ്‍ 28 വരെ അപേക്ഷിക്കാം.
www.egovaward.bh എന്ന വെബ്സൈറ്റ് വഴിയാണ് എന്‍ട്രികള്‍ അയക്കേണ്ടത്. 2023 ലെ ഇ-ഗവണ്‍മെന്റ് എക്സലന്‍സ് അവാര്‍ഡ് നേടിയിട്ടില്ലാത്തവരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അവാര്‍ഡ് വെബ്സൈറ്റില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കണം.
മികച്ച വെബ്സൈറ്റ്, ഇ-പങ്കാളിത്തത്തിലെ മികച്ച രീതി, മികച്ച സംയോജിത ഇ-സേവനങ്ങള്‍, ഡിജിറ്റല്‍ നവീകരണത്തിനുള്ള മികച്ച തൊഴില്‍ അന്തരീക്ഷം, നിര്‍മിത ബുദ്ധിയുടെ മികച്ച ഉപയോഗം, ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള മികച്ച പദ്ധതി, മികച്ച ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ പൊതു, സ്വകാര്യ മേഖലാ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളുണ്ടാവും. സിറ്റിസണ്‍ അവാര്‍ഡ് വിഭാഗത്തില്‍ മികച്ച ഡിജിറ്റല്‍ ആശയം അല്ലെങ്കില്‍ സംരംഭം എന്നിവക്കുള്ള അവാര്‍ഡുകളുമുണ്ടാവും.