ദുബായ്: യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ 3 മക്കളുടെ (ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം, ശൈഖ് മക്തൂം ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം,ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം) രാജകീയ വിവാഹ സൽകാരം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്നു. വിവാഹാഘോഷത്തിന് ആശംസകളുമായി പ്രമുഖരുടെ നിര തന്നെ വേൾഡ് ട്രേഡ് സെന്ററിൽ എത്തിയിട്ടുണ്ട്.
മേയ് 15ന് മതപരമായ ചടങ്ങുകൾ നടന്നിരുന്നുവെങ്കിലും ഇതിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(36) ഷെയ്ഖ ഷെയ്ഖ ബിൻത് സഈദ് ബിൻ താനി അൽ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്(35) ഷെയ്ഖ മറിയം ബിൻത് ബുത്തി അൽ മക്തൂമിനെയും ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ്(32) ഷെയ്ഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയും ജീവിത പങ്കാളികളാക്കി.
രാജകീയ വിവാഹ സൽക്കാരത്തിന് ആശംസകളുമായി യുഎഇ ഭരണാധികാരികൾ എത്തി. ദുബായ്ക്ക് പുറമേയുള്ള മിക്ക എമിറേറ്റുകളിലേയും ഭരണാധികാരികൾ ചടങ്ങിനെത്തിയത് പരിപാടിയുടെ മാറ്റുകൂട്ടി. ഇന്ത്യൻ വ്യവസായ പ്രമുഖരായ എം എ യൂസഫ് അലി , ബി ആർ ഷെട്ടി ,ഡോ. ആസാദ് മൂപ്പൻ , ഡോ.ഷംസീർ വയലിൽ,ബിനായ് ഷെട്ടി തുടങ്ങി നിരവധി പ്രമുഖരും പങ്കു ചേർന്നു.