മനാമ: ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികള്‍ സല്‍മാനിയയിലെ ഇന്ത്യന്‍ ഡിലൈറ്റ്‌സില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അംഗത്വം എടുക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തില്‍ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീര്‍ അമ്പലായി ആനുകൂല്യങ്ങള്‍ വിശദീകരിച്ചു. പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, ട്രഷറര്‍ അലി അഷറഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, മെഡിക്കല്‍ അഡൈ്വസര്‍ ഡോക്ടര്‍ യാസര്‍ ചോമയില്‍, ജോയിന്റ്‌റ് സെക്രട്ടറി മുനീര്‍ ഒരവക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
* ബഹ്‌റൈന്‍ പ്രവാസികളായ മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ആയിരിക്കും ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറത്തില്‍ അംഗങ്ങളാവാന്‍ സാധിക്കുക.
* അംഗത്വം എടുത്തവര്‍ക്ക് മാരക രോഗങ്ങള്‍ക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നല്‍കും.
* അര്‍ഹരായ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ നല്‍കുന്നതാണ്.
* രോഗം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ്.
* അംഗങ്ങള്‍ക്ക് ബഹറൈനിലെ സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പെടുത്തുന്നതാണ്.
* അംഗങ്ങള്‍ക്ക് മാസാന്ത ആരോഗ്യ ചെക്കപ്പ് കൂപ്പണുകള്‍, മെഡിക്കല്‍ ഉപദേശങ്ങള്‍, കൗണ്‍സിലിങ്ങുകള്‍ ലഭ്യമാക്കും.
* മെഡിക്കല്‍ വിംഗിന്റെ കീഴില്‍ ഹെല്‍ത്ത് & വെല്‍നസ് അവെയര്‍നെസ് പരിപാടികള്‍ സംഘടിപ്പിക്കും.
* അംഗങ്ങള്‍ക്ക് നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ചികില്‍സിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
* അംഗങ്ങള്‍ക്ക് നോര്‍ക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികളില്‍ ചേരുന്നതിനുള്ള സഹായങ്ങള്‍ നേര്‍പ്പെടുത്തുന്നതാണ്.
* അംഗങ്ങള്‍ ആയിട്ടുള്ളവര്‍ക്ക് ബഹ്‌റൈനില്‍ ആവശ്യമാകുന്ന മുറക്ക് നിയമസഹായങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തും.
* അംഗത്വം എടുത്തവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി അവശ്യ മരുന്നുകള്‍ എത്തിച്ചു കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
* അംഗങ്ങളുടെ കലാ കായിക സാംസ്‌കാരിക മേഖലയിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യും. അതിനായി ആര്‍ട്‌സ് വിംഗ്, സ്‌പോര്‍ട്‌സ് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.
* നമ്മുടെ നാടിന്റെ പ്രധാന ആഘോഷങ്ങളെല്ലാം അംഗങ്ങള്‍ക്ക് കൂട്ടായി ആഘോഷിക്കാനുള്ള വേദികള്‍ സംഘടിപ്പിക്കും.
* അംഗത്വം എടുക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ചേരാനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കും.
* അംഗങ്ങളായിട്ടുള്ളവര്‍ നിര്‍ഭാഗ്യവശാല്‍ ബഹ്‌റൈനില്‍ വച്ച് മരണപ്പെടുന്ന വേളകളില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായ നടപടികള്‍ സ്വീകരിക്കും.
* അംഗങ്ങള്‍ ആയിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും.
* ഇങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം കൂട്ടായ്മയില്‍ അംഗത്വം എടുക്കുന്നവര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്.