മനാമ: ഖാലിദ് ബിന്‍ ഹമദ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12-14 (പെണ്‍കുട്ടികള്‍) ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ധ്രുവി പാണിഗ്രഹി സ്വര്‍ണ മെഡല്‍ നേടി. ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ധ്രുവി. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച മത്സരം ഏപ്രില്‍ 24, 27 തീയതികളില്‍ ഇസ ടൗണിലെ ഷെയ്ഖ് ഖലീഫ സ്റ്റേഡിയത്തിലാണ് നടന്നത്.
മത്സരത്തില്‍ തന്ത്രപരമായ കഴിവുകളും മികവും പ്രകടിപ്പിച്ച ധ്രുവി തന്റെ വിഭാഗത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ സൈകത്ത് സര്‍ക്കാറാണ് പരിശീലകന്‍. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ എസ് എന്നിവര്‍ ധ്രുവി പാണിഗ്രഹിയെ അഭിനന്ദിച്ചു.