മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ദേവ്ജി- ബി.കെ.എസ് ജിസിസി കലോത്സവത്തിന്റ ഗ്രാന്റ് ഫിനാലെ ഈ മാസം 31 വൈകുന്നേരം 7 മണിക്ക് നടക്കും. രാജീവ് കുമാര്‍ മിശ്ര (സി.ഡി.എ, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍) മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ എം.ആര്‍ അഭിലാഷ്, മാധുരി പ്രകാശ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദേവ്ജി ഗ്രൂപ്പ്) എന്നിവര്‍ വിശിഷ്ട അതിഥികളായും സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.
അഞ്ച് ഗ്രൂപ്പുകളിലായി ഒന്നരമാസക്കാലം നീണ്ടുനിന്ന കലോത്സവത്തില്‍ ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹന്‍രാജ് ബാല തിലകമായും തെരഞ്ഞെടുക്കപ്പെട്ടു. അയന സുജിത് (നാട്യരത്‌ന), അര്‍ജ്ജുന്‍ രാജ് (സംഗീത രത്‌ന), പ്രിയംവദ എന്‍.എസ് (സാഹിത്യരത്‌ന), നേഹ ജഗദീഷ് (കലാരത്‌ന) എന്നിവര്‍ക്ക് പുറമെ നിഹാര മിലന്‍, പുണ്യ ഷാജി, ഹന്ന ആല്‍വിന്‍, പ്രിയംവദ എന്‍.എസ് എന്നിവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.
ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ കഴിഞ്ഞ 25 വര്‍ഷമായി നടന്നുവരുന്ന പ്രവാസ ലോകത്തെ ശ്രദ്ധേയ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തില്‍ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും 14 ഗ്രൂപ്പിനങ്ങളിലായി 79 ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ കേരളത്തില്‍ നിന്നുള്ളവരടക്കം 120 പേര്‍ വിധികര്‍ത്താക്കളായി എത്തിയതായി സംഘാടകര്‍ അറിയിച്ചു.
ബിറ്റോ പാലമറ്റത്ത് കണ്‍വീനറും സോണി കെ.സി, രേണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ സംഘാടക സമിതിയാണ് കലോത്സവത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചത്.