മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയിലെ പുതിയ വീടിന് തറക്കല്ലിട്ടു. പത്തനംതിട്ട കുന്നന്താനം സ്വദേശിയും മുന്‍ സമാജംഗവുമായ പി.പി സുകുമാരനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയുടെ സാന്നിദ്ധ്യത്തില്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബിനുകുന്നന്താനം, രാജു കല്ലുംപുറം സജി കുടശ്ശനാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഭവന രഹിതരും നിരാശ്രയരുമായവരെ സഹായിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണത്തോടെ ബഹ്‌റൈന്‍ കേരളീയ സമാജം തുടക്കം കുറിച്ച ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ കേരളത്തിന്റെ വിവിധ ജില്ലകളിലായി ഇതിനകം 32 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഭവന നിര്‍മ്മാണ പദ്ധതിയെന്നും ബഹ്‌റൈനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയവരുടെ കൂടി സഹകരണത്തോടെ കൂടുതല്‍ വിപുലമായ പദ്ധതികള്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.