മനാമ: പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിക്കണമെന്ന നിര്‍ദേശവുമായി ശൂറാ കൗണ്‍സിലിന്റെ സേവന കമ്മിറ്റി. നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും കമ്മിറ്റിയുടെ അവലോകനത്തില്‍ നിര്‍ദേശമുണ്ട്.
കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജമീല മുഹമ്മദ് റെധ അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നിയമത്തില്‍ വരുത്തേണ്ട രണ്ട് നിയമ ഭേദഗതികളാണ് ചര്‍ച്ച ചെയ്തത്. എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് നിബ്രാസ് മുഹമ്മദ് താലിബ്, തൊഴില്‍ മന്ത്രാലയ ലേബര്‍ റിലേഷന്‍സ് ഡയറക്ടര്‍ മായ് ഹസ്സന്‍ അല്‍ അസ്മി, ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പിഴകള്‍ നേരിടാതെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് ഒരു മാസം കൂടി സമയം നല്‍കണമെന്നാണ് ഒരു നിര്‍ദേശം. നിലവിലെ നിയമം അനുസരിച്ച് കൃത്യസമയത്ത് പുതുക്കിയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 36 പ്രകാരം പിഴ ചുമത്തും. എല്‍.എം.ആര്‍.എ അനുവദിക്കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ ഒരു നിശ്ചിത ഉയര്‍ന്ന പരിധി നിശ്ചയിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. നിലവില്‍ അനുമതി നല്‍കുന്നതിന് നിയമപരമായി നിയന്ത്രണമില്ല.
വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് അധികസമയ നിര്‍ദേശത്തിന് പുറമെ കലാപരമായ തൊഴിലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു കരട് നിയമവും ചര്‍ച്ച ചെയ്തു. ഈ നിര്‍ദേശം അനുസരിച്ച് കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ലൈസന്‍സ് സ്വന്തമാക്കണം. ബഹ്റൈനി കലാകാരന്മാര്‍ക്ക് പ്രഫഷനല്‍ കാര്‍ഡുകള്‍ നല്‍കാനും ചില ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കരട് നിയമം പദ്ധതിയിടുന്നു. കലാകാരന്മാര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.