മനാമ: ഗലാലിയയിലും മുഹറഖിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാര്‍. പൊതു സുരക്ഷയും നഗരഗതാഗതവും വര്‍ധിപ്പിക്കുന്നതിനായി മുഹറഖില്‍ രണ്ട് കാല്‍നടപ്പാലങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനക്കിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഗലാലിയയെ സഹേലിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും അല്‍ ഹാലയെ മുഹറഖുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാലവുമാണ് ആവശ്യപ്പെട്ടത്. ഇത് പ്രദേശത്തുള്ളവരുടെ സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് എം.പിമാര്‍ പറയുന്നത്. ഗലാലിയയും മുഹറഖും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. എന്നാല്‍, അടിസ്ഥാന സൗകര്യം ഇവിടെ കുറവാണെന്നും ബു അനക് പറഞ്ഞു.
മുഹറഖിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഖലീഫ അല്‍ കബീര്‍ സ്ട്രീറ്റിന് കുറുകെയാണ് രണ്ടാമത്തെ കാല്‍നട പാലം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള അല്‍ ഹാലയെ അടുത്ത മത്സ്യബന്ധന കേന്ദ്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണിത്. ഇത് മുഹറഖിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മിക്കുന്ന പാലങ്ങളില്‍ എലിവേറ്ററുകള്‍ നിര്‍മിക്കണമെന്നും പ്രാദേശിക നഗര ഭൂപ്രകൃതിയുമായി സംയോജിപ്പിക്കുന്ന രീതിയിലായിരിക്കണം നിര്‍മാണമെന്നും നിര്‍ദേശം ആവശ്യപ്പെടുന്നുണ്ട്. പാര്‍ലമെന്റിന്റെ പൊതു യൂട്ടിലിറ്റീസ്, പരിസ്ഥിതി കാര്യ കമ്മിറ്റി ഇപ്പോള്‍ അവലോകനം ചെയ്യുന്ന ഈ പ്രമേയം തുടര്‍ നടപടികള്‍ക്കായി സമര്‍പ്പിക്കും.