മനാമ: ബഹ്റൈനില്‍ സമീപകാലത്തുണ്ടായ നിരവധി തീപിടിത്തങ്ങള്‍ക്ക് പ്രധാന കാരണം അശ്രദ്ധമായ പുകവലി ശീലങ്ങളാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. കാറുകളില്‍ നിന്നും പൊതുനിരത്തുകളിലേക്കും ഉണങ്ങിയ പുല്ലുകളിലേക്കും വലിച്ചെറിയപ്പെടുന്ന സിഗരറ്റുകള്‍ വലിയ അപകടമുണ്ടാക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സിഗരറ്റ് ശരിയായി അണക്കാനും കിടക്കയില്‍ പുകവലിക്കുന്നത് ഒഴിവാക്കാനും ഹിദ്ദ് പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. യു.എസ് പോലുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം ഏകദേശം 15,000 തീപിടിത്തങ്ങള്‍ അശ്രദ്ധമായ പുകവലി കാരണമാണ് ഉണ്ടാകുന്നത്. ബഹ്‌റൈനില്‍ ഇതുസംബന്ധിച്ച് മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഷോപ്പിങ് മാളുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലും പൊതു ഗതാഗതത്തിലും പുകവലി നിരോധിച്ചിട്ടുണ്ട്. പുകയില പരസ്യത്തിനും പ്രമോഷനും നിയന്ത്രണങ്ങളുണ്ട്. കൂടാതെ, അടച്ചിട്ട പൊതുഇടങ്ങള്‍ക്കുള്ളില്‍ നിയുക്ത പുകവലി പ്രദേശങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്.









