മനാമ: 2026 ഫിഫ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മൂന്നാം റൗണ്ടില്‍ അവസാന മത്സരത്തില്‍ ചൈനയോട് പരാജയപ്പെട്ട് ബഹ്റൈന്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചൈനയുടെ ജയം. രണ്ടാം പകുതിയിലെ മൂന്നാം മിനിറ്റില്‍ വാങ് യുദോങ് ആണ് പെനാല്‍റ്റിയിലൂടെ ചൈനയുടെ വിജയഗോള്‍ നേടിയത്. ബഹ്റൈന്‍ ടീമില്‍ പകരക്കാരനായ ഹുസൈന് അല്‍ എക്കറിന്റെ ഫൗളിനാണ് ചൈനക്ക് പെനാല്‍റ്റി ലഭിച്ചത്. വിജയത്തോടെ ചൈനക്ക് ഗ്രൂപ്പ് സിയില്‍ മൂന്ന് പോയന്റുകള്‍കൂടി ലഭിച്ചു.
ചൈനയിലെ ലോങ്സിങ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗ്രൂപ്പ് സിയില്‍ 10 മത്സരങ്ങളില്‍നിന്ന് ആറു പോയന്റാണ് ബഹ്റൈന്‍ ലഭിച്ചത്. ഒരു വിജയവും മൂന്ന് സമനിലയും ആറ് തോല്‍വികളുമാണ് ബഹ്റൈന്‍ നേടിയത്. ബഹ്റൈന്‍ മൂന്ന് എവേ മാച്ചുകളും ഒരും ഹോം മാച്ചുമടക്കം നാല് മത്സരങ്ങളാണുണ്ടായിരുന്നത്. അതില്‍ ജപ്പാനോടും ഇന്തോനേഷ്യയോടും ഏറ്റുമുട്ടിയ ആദ്യ രണ്ട് എവേ മാച്ചുകളിലും സൗദിക്കെതിരെ കളിച്ച ഹോം മത്സരത്തിലും പരാജയപ്പെട്ടു.
ഗ്രൂപ്പ് സിയില്‍ നിലവില്‍ ആദ്യ സ്ഥാനക്കാരായ ജപ്പാന് ലോകകപ്പ് യോഗ്യത നേടി. ലോകകപ്പിന് ആതിഥേയര്‍ക്ക് പുറമെ ആദ്യം യോഗ്യത നേടിയ ടീം ജപ്പാനാണ്. തൊട്ടുതാഴെ ഓസ്ട്രേലിയ നിലയുറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് സിയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് നാലാം റൗണ്ട് ക്വാളിഫയറിലേക്ക് യോഗ്യത നേടാനാകും. 13 പോയന്റുമായി സൗദിയാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിറകെ 12 പോയന്റുമായി ഇന്തോനേഷ്യയുമുണ്ട്.