‘ഗാന്ധി ദര്‍ശനങ്ങളുടെ കാലിക പ്രസക്തി’; സെമിനാര്‍ നടന്നു

WhatsApp Image 2025-06-12 at 9.59.46 PM

മനാമ: മഹാത്മാഗാന്ധി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണെന്നും ഗാന്ധിജിയെ വിമര്‍ശിക്കുന്നവര്‍ക്ക് അതാകാമെന്നും പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ പി. ഹരീന്ദ്രനാഥ്. വിമര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ‘ഗാന്ധി ദര്‍ശനങ്ങളുടെ കാലിക പ്രസക്തി’ എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി വിഭാവന ചെയ്ത ഇന്ത്യ ഇന്ന് എവിടെ നില്‍ക്കുന്നുവെന്നും ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം ചര്‍ച്ചയില്‍ വിലയിരുത്തി.

യുദ്ധവും സംഘര്‍ഷങ്ങളും മതസ്പര്‍ദ്ധയും കൊടികുത്തി വാഴുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയും ഗാന്ധിസവും ഏറെ പ്രസക്തമാണ് എന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഗാന്ധിസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളുമായി സമാജം ഇനിയും മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജി ഈ കാലഘട്ടത്തിന്റെ അനിവാര്യത എന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ സ്വാഗത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കുട്ടികളില്‍ ഗാന്ധി ബോധം ഉണര്‍ത്തുന്ന പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.

പ്രബന്ധ അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പ്രശസ്ത ശാസ്ത്ര സാഹിത്യകാരനായ ഡോ.വേണു തോന്നയ്ക്കല്‍, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സോമന്‍ ബേബി, ദേവദാസ് കുന്നത്ത്, ദിലീപ്കുമാര്‍, വിനോദ് അളിയത്ത്, നൗഷാദ്, സി.വി നാരായണന്‍, സലിം ഇ.എ, സുധീര്‍ തിരുന്നല്ലത്ത്, എസ്.വി ബഷീര്‍, ഇ.വി രാജീവ്, ബിനു കുന്നത്താനം തുടങ്ങി പ്രവാസ ജീവിതത്തില്‍ വൃക്തിമുദ്ര പതിപ്പിച്ചവരും വിവിധ സാമൂഹ്യ, സംസ്‌കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.

സാഹിത്യ വിഭാഗം കണ്‍വീനര്‍ സന്ധ്യ ജയരാജ് ചര്‍ച്ച നയിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് മാത്യു സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് സമാജം സംഗീത സദസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനാമൃതം സംഗീതാലാപനവും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!