മനാമ: 11 കിലോയിലധികം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. 20 വയസ്സുള്ള ഏഷ്യന്‍ പ്രവാസിയെയാണ് 64,000 ദിനാര്‍ വിലമതിക്കുന്ന ലഹരിയുമായി അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവും എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്ടറേറ്റുകളും നടത്തിയ സംയുക്ത ഓപറേഷനിലാണ് യുവാവ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 1.156 കിലോ സിന്തറ്റിക് കഞ്ചാവ് അടങ്ങിയ തപാല്‍ പാഴ്സല്‍ പിടിച്ചെടുത്തതിന് പിന്നാലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് വിവരം കൈമാറി. തുടര്‍ന്ന് പാര്‍സലിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഏഷ്യക്കാരനെ പിടികൂടിയത്.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു.