പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘’ശ്രുതിലയം – 2019’’ ജൂൺ 14ന്; പരിപാടിയുടെ ഫ്ലയർ ലോഞ്ച് ചെയ്തു

പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്‌ട് ബഹ്റൈൻ ) ഇന്റേർഡ്സുമായി സഹകരിച്ച് ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ജൂൺ 14ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് നടത്തപ്പെടുന്നത്.

പരിപാടിയുടെ ഫ്ലയർ ലോഞ്ച് ഇന്ന് കാലത്തു അദ്‌ലിയയിലെ ഹോട്ടൽ കാൾട്ടണിൽ വച്ച് ഇവന്റ് സ്പോൺസർ (അമ്പിളികുട്ടൻ,ഐഐപിഎ ചെയർമാൻ) ഐ സി ആർ എഫ് ചെയർമാൻ അരുൾദാസിന് നൽകികൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പരിപാടിയുടെ കോർഡിനേറ്റർ ഡോ രഞ്ജിത്ത്, ഇവൻറ് പ്രെസെൻറ്റർ പോൾ സെബാസ്റ്റ്യൻ, പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം ജൂൺ 14ന് രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. അതിനു ശേഷം പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും. വൈകിട്ട് 6 മണിക്ക് പാക്‌ട് കുടുംബത്തിലെ കുട്ടികൾ കുമാരി ആതിര മേനോനും കുമാരി അഞ്ജന അനിൽ മാരാരും ചേർന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസോടുകൂടി നിളോത്സവം അരങ്ങേറും.

റിഥമിക് ഡാന്സര്സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഇന്ത്യൻ കോൺടെംപോററിനൃത്തം “പഞ്ചതത്വ ” ആണ് പിന്നീട് വേദിയിൽ അരങ്ങേറുക. അതിനുശേഷം പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി, ‘’ദുബായ്കൂട്ടം’’ എന്ന കൂട്ടായ്മയിലെ പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കും. നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ”ജ്ഞാനപ്പാന” യെന്ന നൃത്ത ശിൽപമാണ് അടുത്ത ഇനം. നിരവധി വേദികളിൽ അവതരിപ്പിച്ചു ആസ്വാദക പ്രശംസ നേടിയിട്ടുള്ള ഈ നൃത്ത രൂപം അവതരിപ്പിക്കുന്നത് പ്രശസ്ത സിനിമ താരങ്ങളും നർത്തകരുമായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും സംഘവുമാണ്.

ശ്രുതിലയം – 2019 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.