മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ‘ദിശ 2025’ന് വര്‍ണ്ണാഭമായ സമാപനം. ബാന്‍ സാങ് തായ് ഹാളില്‍ നടന്ന സമാപന ചടങ്ങുകള്‍ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാ അംഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പി ശ്രീജിത്ത്, മിജോഷ് മൊറാഴ, ബിനു മണ്ണില്‍, സിവി നാരായണന്‍, എന്‍.കെ വീരമണി, എന്‍വി ലിവിന്‍ കുമാര്‍, ദീപ്തി രാജേഷ് എന്നിവര്‍ സമാപന ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. നിരന്‍ സുബ്രഹ്‌മണ്യന്‍ സ്വാഗതം ആശംസിച്ച പരിപാടിക്ക് മനോജ് പോള്‍ നന്ദി രേഖപ്പെടുത്തി. റാഫി കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.
മനാമ മേഖലയിലെ സ്വരലയ ഗാനങ്ങളോടെ ആരംഭിച്ച പരിപാടിക്ക് ശേഷം അവതരണ ഗാനവും, വനിതകളും കുട്ടികളും ഉള്‍പ്പെടെയുള്ള മേഖലയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളും, യുദ്ധത്തിനെതിരെയാ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അവതരിപ്പിച്ച കാലിക പ്രസക്തമായ സാമൂഹ്യ നാടകവും അരങ്ങേറി. തുടര്‍ന്ന് മെന്റലിസ്റ്റ് അശ്വത് സജിത്തിന്റെ മെന്റലിസം പരിപാടി നടന്നു. പ്രശസ്ത ഗായിക രശ്മി സതീഷ് അവതരിപ്പിച്ച ഗാനങ്ങള്‍ക്ക് ശേഷം സഹൃദയ നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടുകളോടെ ‘ദിശ 2025’ ഗ്രാന്‍ഡ് ഫിനാലെക്ക് തിരശ്ശീല വീണു.
മനാമ മേഖലയിലെ എട്ട് യൂണിറ്റുകളിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സര്‍ഗ്ഗ-കലാ വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലങ്ക, ലയം, മുദ്ര, താളം എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി അംഗങ്ങളെ തിരിച്ച് സംഘടിപ്പിച്ച എണ്‍പത്തിനാല് ദിവസം നീണ്ടുനിന്ന ഈ സാംസ്‌കാരികോത്സവത്തിലൂടെ ശ്രമിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ദിശയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും, വിജയിപ്പിക്കാന്‍ സഹകരിക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ എന്‍.കെ വീരമണിയും കണ്‍വീനര്‍ മനോജ് പോളും അറിയിച്ചു.