മനാമ: സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി സുരക്ഷ ഏജന്‍സികളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് കോസ്റ്റ്ഗാര്‍ഡ് സംയുക്ത സമുദ്ര പരിശോധന കാമ്പയിന്‍ തുടങ്ങി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുക, ബോട്ട് ഓപറേറ്റര്‍മാരും കപ്പലുകളും ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രേഖകളില്ലാത്ത വിദേശ തൊഴിലാളികളെ കണ്ടെത്തുക തുടങ്ങിയവയാണ് കാമ്പയിന്റെ ലക്ഷ്യം.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സ്വകാര്യ സമുദ്ര ഗതാഗത കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ ഉറപ്പാക്കി. പരിശോധനയില്‍ കണ്ടെത്തിയ ലംഘനങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവലോകനം നടത്തുകയും ചെയ്തു.
നിലവിലുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും കടല്‍ യാത്രക്കാരിലും ബോട്ട് ഉടമകളിലും അവബോധം വളര്‍ത്താനും പരിശോധനയിലൂടെ സാധിക്കുമെന്നാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ബഹ്റൈനിന്റെ ജലാശയങ്ങള്‍ സുരക്ഷിതമാണെന്നും ദേശീയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും മെച്ചപ്പെട്ട സമുദ്ര സുരക്ഷക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പരിശോധന സഹായിക്കും.
 
								 
															 
															 
															 
															 
															








