മനാമ: ബഹ്‌റൈനിലെ എല്ലാ വാണിജ്യ ഇടപാടുകള്‍ക്കും ബിസിനസ് അക്കൗണ്ടും ഡിജിറ്റല്‍ പേമെന്റ് സംവിധാനവും നിര്‍ബന്ധമാക്കുന്നു. എല്ലാ ബിസിനസ് സ്ഥാപനങ്ങളിലും കാര്‍ഡ് വഴിയോ ഫോണ്‍ വഴിയോ പണം സ്വീകരിക്കാനുള്ള സൗകര്യം നിര്‍ബന്ധമാക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു.
എല്ലാ സ്ഥാപനവും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതിന്റെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ സിജിലാത്ത് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ബിസിനസിന്റെ എല്ലാ വരുമാനവും ആ അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാവൂ. ഈ അക്കൗണ്ട് വഴിയല്ലാത്ത എല്ലാ ഇടപാടുകളും നിയമലംഘനമായി കണക്കാക്കുകയും പിഴയടക്കം കടുത്തശിക്ഷയും ലഭിക്കും.
ആദ്യത്തെ ലംഘനത്തിന് ലൈസന്‍സ് ആറ് മാസത്തേക്ക് മരവിപ്പിക്കുകയും പ്രതിദിനം 1000 ദിനാര്‍ വരെ പിഴ ചുമത്തുകയും ചെയ്യും. മൂന്നു വര്‍ഷത്തിനുള്ളില്‍ വീണ്ടും ലംഘനം നടത്തിയാല്‍ പ്രതിദിന പിഴ 2000 ദിനാര്‍ വരെയായി വര്‍ധിക്കും. പരമാവധി പ്രതിദിന പിഴ മൊത്തം 50,000 ദിനാര്‍ വരെയും ഒറ്റത്തവണ ഈടാക്കുന്ന പിഴ 1,00,000 ദിനാര്‍ വരെയും ആവാം.
കച്ചവടക്കാര്‍ക്കും കമ്പനികള്‍ക്കും എത്ര ശാഖകളുണ്ടെങ്കിലും ഈ നിയമം ബാധകമായിരിക്കും. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താനും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍നിന്ന് ആളുകളെ സംരക്ഷിക്കാനും പണരഹിത വ്യാപാരത്തിലേക്ക് വിപണിയെ നയിക്കാനും മാറ്റം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.