മനാമ: ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന സന്ദേശവുമായി ഇന്ത്യന്‍ സ്‌കൂള്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ എസ്, കായിക അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘ഒരേ ഭൂമിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള യോഗ’ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ യോഗ ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരവും സംതൃപ്തവുമായ ഒരു ജീവിതത്തിന് ആന്തരിക സമാധാനവും സ്വയം പരിചരണവും അടിസ്ഥാനമാണെന്ന വിശ്വാസത്തെയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്. ആഗോള ആരോഗ്യം, ഐക്യം, ക്ഷേമം എന്നിവയ്ക്കായി യോഗയുടെ കാലാതീതമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത ഈ ആഘോഷത്തിലൂടെ സ്‌കൂള്‍ എടുത്തുകാട്ടി.
മിഡില്‍ സെക്ഷനിലെ160ലധികം വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ അഭ്യാസ മുറകളോടെ യോഗയോടുള്ള തങ്ങളുടെ സമര്‍പ്പണം പ്രകടിപ്പിച്ചു. ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ ആര്‍ ചിന്നസാമി നയിച്ച സെഷനില്‍ വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും വൈദഗ്ധ്യവും പ്രകടമാക്കുന്ന നിരവധി യോഗാസനങ്ങള്‍ അവതരിപ്പിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. മാതൃകാപരമായ ഏകോപനത്തിനും സമര്‍പ്പണത്തിനും അവര്‍ കായിക വകുപ്പിനെ അഭിനന്ദിച്ചു.