മനാമ: മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്‌റൈന്‍. 70 ശതമാനം സര്‍ക്കാര്‍ ജോലികള്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറ്റിയതായി സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രീതി തുടരും.
നേരിട്ട് ഹാജരാകേണ്ട ജോലി മേഖലകളെയും, അടിയന്തര സാഹചര്യങ്ങളില്‍ ജോലി സ്ഥലത്ത് ജീവനക്കാര്‍ ഉണ്ടാകേണ്ട പ്രത്യേക ജോലികളെയും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൗരന്മാരും താമസക്കാരും കഴിവതും യാത്ര ഒഴിവാക്കണമെന്നും പ്രധാന റോഡുകള്‍ അത്യാവശ്യ യാത്രകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ നിര്‍ദേശം.