മനാമ: ബഹ്‌റൈനിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇതുവരെ അസാധാരണമായ റേഡിയേഷന്‍ അളവ് കണ്ടെത്തിയിട്ടില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ജനറല്‍ സെക്രട്ടേറിയറ്റ്. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് റേഡിയോ ആക്ടീവ് മലിനീകരണ ഭീതിക്കിടെയാണ് ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
രാജ്യത്ത് റേഡിയേഷന്‍ അളവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റും (എസ്.സി.ഇ) സ്ഥിരീകരിച്ചു. റേഡിയേഷന്‍ സൂചകങ്ങളും അളവുകളും നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ചേര്‍ന്നുള്ള പരിസ്ഥിതി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പരിസ്ഥിതി, വികിരണ സൂചകങ്ങള്‍ ഇപ്പോഴും സുരക്ഷിതവും സാങ്കേതികമായി അനുവദനീയവുമായ നിലവാരത്തിലാണെന്ന് ജി.സി.സി എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളുമായി ഏകോപിപ്പിച്ച് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വഴി തുടര്‍ച്ചയായി സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നിരീക്ഷണം തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ പുറത്തുവിടുമെന്നും ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.