മനാമ: പുകവലിക്കാനുള്ള പ്രായം 18ല്‍നിന്ന് 20 ആക്കാനുള്ള നിര്‍ദേശവുമായി എംപിമാര്‍. നിലവിലുള്ള പുകവലി നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം. പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയര്‍മാന്‍ ഹസ്സന്‍ ഇബ്രാഹീമാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
പുകവലിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന ചട്ടക്കൂടുകളുമായി നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങളെ യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2009ല്‍ സ്ഥാപിതമായ പുകവലി വിരുദ്ധ നിയമം കാലഹരണപ്പെട്ടതാണെന്നും പുകയില ഉപഭോഗം യുവാക്കളില്‍ വരുത്തുന്ന ആരോഗ്യ അപകടങ്ങള്‍ പരിഹരിക്കുന്നതിന് ഈ നിയമം അപര്യാപ്തമാണെന്നും എംപിമാര്‍ അറിയിച്ചു.
റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഓഫിസുകള്‍ തുടങ്ങിയ മിക്ക പൊതുഇടങ്ങളിലും ഇന്‍ഡോര്‍ പുകവലിക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി 2020ല്‍ ജപ്പാന്‍ നിയമം നടപ്പാക്കിയിരുന്നു. കൂടാതെ 20 വയസ്സിന് താഴെയുള്ള ആര്‍ക്കും പുകവലിക്കാനോ പുകവലി പ്രദേശങ്ങളില്‍ പ്രവേശിക്കാനോ അനുവാദമില്ല. ഈ മോഡലാണ് രാജ്യത്ത് തങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് ഹസ്സന്‍ ഇബ്രാഹീം പറഞ്ഞു.