മനാമ: റഷ്യയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ് പ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ബഹ്‌റൈന്‍. ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ റഷ്യയില്‍ നടന്ന 28മത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിലാണ് കരാറൊപ്പിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ഇരു രാജ്യങ്ങളിലെയും പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കസ്റ്റംസ് കാര്യങ്ങളില്‍ സഹകരണവും പരസ്പര ഭരണ സഹായവും സംബന്ധിച്ച് ബഹ്റൈന്‍ സര്‍ക്കാറും റഷ്യന്‍ ഫെഡറേഷന്‍ സര്‍ക്കാറും തമ്മിലുള്ള ധാരണാപത്രം, ഇന്ധന-ഊര്‍ജ മേഖലയിലെ സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്റൈനിലെ വ്യവസായ വാണിജ്യ മന്ത്രാലയവും റഷ്യയിലെ വ്യവസായ വാണിജ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, മാധ്യമ-വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും നോവോസ്റ്റി ടെലിവിഷനും തമ്മിലുള്ള ധാരണാപത്രം, ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിയും ആര്‍ഐഎ നോവോസ്റ്റിയും തമ്മിലുള്ള ധാരണാപത്രം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയും എയ്റോക്ലബ് ഓഫ് റഷ്യ ഗ്രൂപ്പും തമ്മിലുള്ള ടൂറിസം, ബിസിനസ് ഇവന്റുകള്‍, പ്രോത്സാഹന യാത്ര എന്നിവയെക്കുറിച്ചുള്ള ധാരണാപത്രം, റഷ്യന്‍ എക്‌സ്‌പോര്‍ട്ട് സെന്ററും എക്‌സ്‌പോര്‍ട്ട് ബഹ്‌റൈനും തമ്മിലുള്ള സഹകരണ കരാര്‍ എന്നിവയാണ് കരാറുകള്‍.