ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം

WhatsApp Image 2025-06-30 at 3.08.40 PM

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2025 ന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓണ വിളംബരവും കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ശനിയാഴ്ച യുനീക്കോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയശങ്കര്‍ വിശ്വനാഥനും പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹരികൃഷ്ണന്‍, നിഷ ദിലീഷ്, രാജേഷ് കെപി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം 2025 കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സമാജം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ സനല്‍കുമാര്‍, ജോയിന്റ് കണ്‍വീനര്‍ രമ്യ ബിനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ് 22ന് പിള്ളേരോണത്തിലൂടെ ആരംഭിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഓണസദ്യ വരെ നീണ്ട് നില്‍ക്കും. ഒന്നര മാസത്തോളം നീളുന്ന വിവിധ ആഘോഷ പരിപാടികളാണ് ശ്രാവണം 2025ന്റെ ഭാഗമായി നടക്കുന്നത്.

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ ബഹ്റൈനിലെ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കാനും ആസ്വദിക്കാനും ആവുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. പിള്ളേരോണത്തെ തുടര്‍ന്ന് രാജ് കലേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന രുചി മേള അരങ്ങേറും.

സെപ്തംബര്‍ ഒന്നാം തീയതി നടക്കുന്ന കൊടിയേറ്റത്തോടെ ഓണോഘാഷ പരിപാടികള്‍ക്ക് ഒദ്യോഗിക തുടക്കമാകും. തുടര്‍ന്ന് വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് സമാജം വേദിയാകും. ബഹ്‌റൈനിലെ മുഴുവന്‍ പ്രവാസികള്‍ക്കും മാത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അറിയിച്ചു.

പ്രശസ്ത ഗായകരായ ചിത്രയും മധു ബാലകൃഷ്ണനും നേതൃത്വം നല്‍കുന്ന ഗാനമേള, ആര്യ ദയാല്‍, സച്ചിന്‍ വാര്യര്‍ ടീം അവതരിപ്പിക്കുന്ന ബാന്‍ഡ്, പന്തളം ബാലന്‍ നേതൃത്വം നല്‍കുന്ന ഗാനമേള തുടങ്ങിയവ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നാടകീയ നൃത്ത ശില്‍പം- വിന്ധ്യാവലി, മെഗാ തിരുവാതിര എന്നിവ ശ്രാവണം 2025 ന്റെ ഭാഗമായി അരങ്ങേറും.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നാം തീയതി നടക്കുന്ന ഓണ സദ്യയോട് കൂടി ശ്രാവണം 2025 സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജിനെ (39291940) ബന്ധപ്പെടാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!