മനാമ: ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓണ്‍ ദി പീസ് ഫുള്‍ യൂസസ് ഓഫ് ഔട്ടര്‍ സ്‌പേസ് (സിഒപിയുഒഎസ്) രണ്ടാം ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈനിലെ ശൈഖ ഹെസ്സ ബിന്‍ത് അലി അല്‍ ഖലീഫ. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അറബ് മുസ്‌ലിം വനിതയാണ് ശൈഖ ഹെസ്സ. വിയന്നയില്‍ നടന്ന കമ്മിറ്റിയുടെ 68-ാമത് സമ്മേളനത്തിലാണ് ശൈഖ ഹെസ്സ തെരഞ്ഞെടുക്കപ്പെട്ടത്.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി 1959ല്‍ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച ഒരു പ്രധാന സമിതിയാണ് സിഒപിയുഒഎസ്. ബഹ്റൈന്‍ സ്‌പേസ് ഏജന്‍സിയെ പ്രതിനിധീകരിച്ചാണ് ശൈഖ ഹെസ്സ സമ്മേളനത്തില്‍ പങ്കെടുത്തത്. ശൈഖ ഹെസ്സയുടെ നോമിനേഷനെ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായി പിന്തുണച്ചു.
ബഹിരാകാശ രംഗത്ത് ബഹ്‌റൈന്‍ കൈവരിച്ച സമീപകാല നേട്ടങ്ങള്‍ അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബഹിരാകാശ ശാസ്ത്രത്തിലും അതുസംബന്ധിച്ച തീരുമാനങ്ങളിലും അറബ് സ്ത്രീകള്‍ വഹിക്കുന്ന പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് തനിക്ക് ലഭിച്ച ഈ പദവിയെന്ന് അവര്‍ പറഞ്ഞു.
‘സ്‌പേസ് ഫോര്‍ വുമണ്‍’, ‘സ്‌പേസ് ഫോര്‍ വാട്ടര്‍’ തുടങ്ങിയ യുഎന്‍ സംരംഭങ്ങള്‍ക്കുള്ള ബഹ്റൈന്റെ പിന്തുണയും വികസ്വര രാജ്യങ്ങള്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലുള്ള ശ്രമങ്ങളും അവര്‍ വ്യക്തമാക്കി.