മനാമ: ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ഒളിമ്പിക് കമ്മിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്. ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനും യുവജന, കായിക സുപ്രീം കൗണ്‍സില്‍ ഒന്നാം വൈസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അവലോകനം നടന്നത്.
2025 ഒക്ടോബര്‍ 22 മുതല്‍ 31വരെയാണ് യൂത്ത് ഗെയിംസ് നടക്കുക. ലോസ് ആഞ്ജലസ് 2028 ഒളിമ്പിക് ഗെയിംസിനുള്ള കമ്മിറ്റിയുടെ തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയായി. കായിക മത്സരങ്ങളില്‍ ബഹ്റൈന്റെ മെഡല്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി പുതിയ കായിക ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ശൈഖ് ഖാലിദ് ചൂണ്ടിക്കാട്ടി.
ബോര്‍ഡ് അംഗവും ലിംഗസമത്വ സമിതിയുടെ ചെയര്‍പേഴ്‌സനുമായ ശൈഖ ഡോ. ഹെസ്സ ബിന്‍ത് ഖാലിദ് അല്‍ ഖലീഫയെ ഇന്റര്‍നാഷനല്‍ ഒളിമ്പിക് അക്കാദമിയുമായി ചേര്‍ന്ന് സര്‍ട്ടിഫൈഡ് അഡ്മിനിസ്‌ട്രേറ്റിവ് പ്രോഗ്രാമുകള്‍ ഏകോപിപ്പിക്കാന്‍ ശൈഖ് ഖാലിദ് ചുമതലപ്പെടുത്തി. പ്രാദേശിക ക്ലബുകളിലെയും ഫെഡറേഷനുകളിലെയും കായിക അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.