മനാമ: ആശൂറയോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം ലഭ്യമാകും. കൂടാതെ ഏഴാം തീയതി രാത്രി മുതല്‍ മുഹറം പത്താം തീയതി രാത്രി വരെ വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 3 വരെ ബസ് പ്രവര്‍ത്തിക്കും.
ഇമാം ഹുസൈന്റെ (സ) രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ചടങ്ങുകളില്‍ വിലാപയാത്രക്കാരുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ബസ് സേവനം ലഭ്യമാക്കുന്നത്.
ജിദാഫ്സ്- അല്‍ദൈഹ്, ജിദാഫ്സ് ഇന്റര്‍സെക്ഷന്‍; അല്‍-ബിലാദ് അല്‍-ഖദീം, അല്‍-ഖാമീസ് ഇന്റര്‍സെക്ഷന്‍; അല്‍-ബുര്‍ഹാമ- സിയാം ഗാരേജിന് സമീപം; സല്‍മാനിയ- ഹയാത്ത് പ്ലാസ മാളിന് സമീപം; അല്‍-ഖഫൂള്‍- ഇമാം അല്‍-സാദിഖ് പള്ളിക്ക് സമീപം; സെന്‍ട്രല്‍ മനാമ- അബുബക്കര്‍ അല്‍-സിദ്ദീഖ് സ്‌കൂളിനും ഈസ അല്‍-കബീര്‍ സ്ട്രീറ്റിനും സമീപം എന്നിവയാണ് പിക്കപ്പ് സ്റ്റേഷനുകളുള്ള പ്രധാന പ്രദേശങ്ങള്‍.
ബസുകള്‍ക്ക് പുറമേ പ്രായമായ വ്യക്തികള്‍, വികലാംഗര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഗോള്‍ഫ് കാര്‍ട്ടുകളും ലഭ്യമാണ്. അല്‍ സാദിഖ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.