മനാമ: ആശൂറ ആഘോഷങ്ങളുടെ ഭാഗമായി മനാമയില്‍ താല്‍ക്കാലിക മെഡിക്കല്‍ ക്ലിനിക്ക് തുറന്ന് ആരോഗ്യ മന്ത്രാലയം. ഇമാം ഹുസൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
ജാഫാരി എന്‍ഡോവ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സിഇഒ ജലാല്‍ ഫൈസല്‍ അല്‍ അലവി, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുള്ള മദനി എന്നിവര്‍ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ ഏജന്‍സികള്‍ക്കിടയില്‍ നടത്തിയ തയ്യാറെടുപ്പുകളുടെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഇമാം ഹുസൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, മെഡിക്കല്‍, നഴ്സിങ് ടീമുകളെ നവീകരിക്കുന്നതിനും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ക്ലിനിക്കില്‍ സജ്ജമാക്കുന്നതിനും ആരോഗ്യ മേഖല നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഈ സംരംഭം വിജയകരമാക്കുന്നതില്‍ ക്ലിനിക്കിലെ ജീവനക്കാര്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ടീമുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ സമര്‍പ്പണവും സഹകരണവും നിര്‍ണായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.