മനാമ: മുഹറഖ് ഗവര്‍ണറേറ്റ് നവീകരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, പ്രദേശത്തിന്റെ വാസ്തുവിദ്യ, സംസ്‌കാരം, പൈതൃകം എന്നിവയുടെ സ്വത്വം സംരക്ഷിക്കുക തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. കൂടാതെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ അറിയിച്ചു.
ഈസ അല്‍ കബീര്‍ കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണമാണ് പ്രധാന പദ്ധതികളിലൊന്ന്. നഗരത്തിന്റെ ചരിത്ര പ്രാധാന്യത്തെ അതേപോലെ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അല്‍ കബീര്‍ കൊട്ടാരത്തിന്റെയും സമാനമായ മറ്റു സംരംഭങ്ങളുടെയും നവീകരണമെന്ന് അബ്ദുല്‍ അസീസ് അല്‍ നാര്‍ കൂട്ടിച്ചേര്‍ത്തു.
തെരുവുവിളക്കുകള്‍, പുതിയ പാര്‍ക്കിങ്, ഹരിത ഇടങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുക, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, തിരഞ്ഞെടുത്ത റസിഡന്‍ഷ്യല്‍ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുക.
മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധിയുടെ അവസാന യോഗത്തിലാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. യോഗത്തില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് പങ്കെടുത്തു. മന്ത്രാലയത്തിലെ മുനിസിപ്പല്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.