മനാമ: ലബനാനുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനൊരുങ്ങി ബഹ്‌റൈന്‍. ബെയ്‌റൂട്ടിലെ ബഹ്‌റൈന്‍ എംബസി ഉടന്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ലബനാനുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈന്‍ എംബസി വീണ്ടും തുറക്കുന്നത്. നിലവില്‍ സിറിയയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ആയ വഹീദ് മുബാറക് സയ്യറാണ് ലബനാന്‍ അംബാസഡറായി ചുമതലയേല്‍ക്കുക എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലബനാന്റെ പ്രതിസന്ധി ഘട്ടത്തില്‍ ബഹ്‌റൈന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും സയ്യാര്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.
ലബനാനും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത നയതന്ത്ര ഭിന്നതയെ തുടര്‍ന്ന് 2021 ഒക്ടോബറിലാണ് ലബനാനിലെ ബഹ്‌റൈന്‍ എംബസി അടച്ചത്. ബഹ്‌റൈന് പുറമെ സൗദി അറേബ്യയും, യുഎഇയും, കുവൈത്തും ലബനാനില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചു വിളിക്കുകയും ലബനീസ് അംബാസഡര്‍മാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.