തിരുവനന്തപുരം: പ്രവാസികളുടെ 1500 സംരംഭങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം വായ്പ ലഭ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ടി രശ്മി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎ) പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക.
പ്രവാസി വായ്പകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് രീതിയില്‍ 3% പലിശ സബ്‌സിഡി ലഭിക്കും. വായ്പ ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ബാങ്ക് യോഗങ്ങളും ബോധവല്‍കരണങ്ങളും സംഘടിപ്പിക്കും. പ്രവാസി വനിതകള്‍ക്ക് പ്രത്യേക സ്വയം തൊഴില്‍, സംരംഭകത്വ ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സിഎംഡി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സിഎംഡി. അസോഷ്യേറ്റ് പ്രഫ. പിജി അനില്‍ വിവിധ സംരംഭകത്വ സൂത്രങ്ങളെക്കുറിച്ചും വായ്പാ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.