മനാമ: ബഹ്റൈനില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം സോഷ്യല്‍ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഏകദേശം 3,683 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2024ല്‍, സൈബര്‍ ക്രൈം പ്രോസിക്യൂഷന് കീഴില്‍ 1,408 കേസുകള്‍ ഫയല്‍ ചെയ്തു. 2023 നെ അപേക്ഷിച്ച് 7% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് (2023ല്‍ 1,314 കേസുകള്‍). അതേസമയം 2022 ല്‍ 961 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം 2022 മുതല്‍ കൈകാര്യം ചെയ്ത സോഷ്യല്‍ മീഡിയ ദുരുപയോഗ കേസുകളില്‍ പകുതിയിലധികവും വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ടതാണ്. ഈ കാലയളവിലെ ആകെ 2,521 കേസുകളില്‍ 1,321 എണ്ണവും വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ടതാണ്. അതായത് മൊത്തം കേസുകളിലെ 52%.
605 കേസുകളുമായി (24%) ഇന്‍സ്റ്റാഗ്രാമാണ് രണ്ടാം സ്ഥാനത്ത്. 181 കേസുകളുമായി ടിക് ടോക്ക് മൂന്നാം സ്ഥാനത്തും, 163 കേസുകളുമായി ഫേസ്ബുക്ക് മൂന്നാം സ്ഥാനത്തും, 65 കേസുകളുമായി എക്‌സ് (മുമ്പ് ട്വിറ്റര്‍) നാലാം സ്ഥാനത്തുമാണ്.
അതേസമയം, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫാദേല്‍ അല്‍ ബുഐനൈന്‍ 2022 നവംബറില്‍ സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ യൂണിറ്റ് സ്ഥാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ നിരവധി കേസുകള്‍ ഈ യൂണിറ്റ് അടുത്തിടെ കൈകാര്യം ചെയ്തിട്ടുണ്ട്.