മനാമ: ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് അധിക സർവിസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 18 മുതൽ ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്റൈൻ- കോഴിക്കോട് റൂട്ടിലും തിരിച്ചും രണ്ട് സർവിസുകളുണ്ടാകും. നിലവിൽ വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസങ്ങളിൽ ഒരു സർവീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 01, 08, 15, 22, 29 എന്നീ ദിവസങ്ങളിൽ രണ്ട് സർവിസുകളാവും എക്സ്പ്രസ് നടത്തുക.ബഹ്റൈനിൽനിന്ന് രാത്രി 9.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ച 04.10ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട്ടുനിന്ന് വൈകീട്ട് ആറിന് പുറുപ്പെടുന്ന വിമാനം ബഹ്റൈൻ സമയം രാത്രി 08.10ന് ബഹ്റൈനിലുമെത്തിച്ചേരും.
അതേസമയം, ജൂലൈ 15 മുതൽ ഒക്ടോബർ 25 വരെ ഡൽഹിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള സർവിസ് എക്സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡൽഹി വഴി കണക്ഷൻ മാർഗമുണ്ടായതുകൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവിസിനെ ആശ്രയിച്ചിരുന്നത്.