മനാമ: സ്ത്രീ ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തി ബഹ്റൈൻ. രാജ്യത്തെ പ്രഫഷനണൽ മേഖലകളിലടക്കം സ്ത്രീ സാന്നിധ്യം അധികരിച്ചതായും ശാക്തീകരണത്തിൽ പുരോഗതി വന്നതായും സുപ്രീം കൗൺസിൽ ഫോർ വിമൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ രാജ്യത്തെ ഡോക്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്. കൂടാതെ, 80 ശതമാനത്തിലധികം നഴ്സുമാരും സ്ത്രീകളാണ്. പൊതുമേഖലയിലെ 10 ജോലികളിൽ ആറെണ്ണത്തിലും ഇപ്പോൾ ബഹ്റൈനി സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും കണക്കുകൾ പറയുന്നു. സ്പെഷലിസ്റ്റ് റോളുകളിൽ 64 ശതമാനം സ്ത്രീകളാണ്. 2007ൽ സർക്കാർ ജീവനക്കാരിൽ 10ൽ നാലിൽ താഴെ മാത്രമായിരുന്നു സ്ത്രീകൾ.
പൊതു-സ്വകാര്യ സർവകലാശാലകളിൽ നിലവിൽ അധ്യാപക തസ്തികകളിൽ 57 ശതമാനം സ്ത്രീകളാണ്. 10 വർഷം മുമ്പ് ഇത് 50-50 എന്ന അളവിലായിരുന്നു. അഞ്ച് വർഷം മുമ്പ് ഇത് 49 ശതമാനവുമായിരുന്നു. ബഹ്റൈനി അഭിഭാഷകരിൽ 57 ശതമാനം സ്ത്രീകളാണ്. 2017ൽ 30 ശതമാനമായിരുന്ന എൻജിനീയറിങ് മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം ഇന്ന് 37 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ ജുഡീഷ്യറിയിൽ 14 ശതമാനം മാത്രമാണ് വനിത ജഡ്ജിമാർ.
പൊതുമേഖലയിലെ എല്ലാ എക്സിക്യൂട്ടിവ് തലത്തിലുള്ള ജോലികളിൽ പകുതിയും, സ്പെഷലിസ്റ്റ് റോളുകളിൽ ഏകദേശം മൂന്നിൽ രണ്ടും ഇപ്പോൾ സ്ത്രീകളാണ് വഹിക്കുന്നത്. മന്ത്രിസഭയിൽ 10 മന്ത്രിമാരിൽ നാലുപേരും സ്ത്രീകളാണ്. പാർലമെന്റിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ട് സ്ത്രീകൾക്ക് സീറ്റ് ലഭിച്ചു. ഇത് സഭയുടെ അഞ്ചിലൊന്ന് ഭാഗമാണ്. ശൂറാ കൗൺസിലിൽ 25 ശതമാനം വനിത അംഗങ്ങളാണ്. മുഹറഖ്, വടക്കൻ, തെക്കൻ ഗവർണറേറ്റുകളിലെ മുനിസിപ്പൽ കൗൺസിലുകളിൽ 30 സീറ്റുകളിൽ മൂന്നെണ്ണവും സ്ത്രീകൾക്കാണ്.