മനാമ: ബഹ്‌റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ സല്‍മാന്‍ അബ്ദുള്‍ വഹാബ് അല്‍ സബ്ബാഗ് (93) നിര്യാതനായി. നയതന്ത്ര, വിദ്യാഭ്യാസ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ സാമ്പത്തികകാര്യ ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.
1932ല്‍ മനാമയിലാണ് ജനനം. അല്‍ ജാഫരിയ്യ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1957ല്‍ കെയ്റോ സര്‍വകലാശാലയില്‍ നിന്ന് ഓഡിറ്റിങ്ങില്‍ ബിരുദം നേടി. ശേഷം അധ്യാപനം, ബാങ്കിങ്, വാണിജ്യം എന്നിവയില്‍ തന്റെ പ്രഫഷണല്‍ ജീവിതം ആരംഭിച്ചു.
1975-1977 കാലയളവില്‍ ഇറാഖിലേക്കുള്ള ബഹ്റൈന്റെ ആദ്യ അംബാസഡര്‍ എക്സ്ട്രാ ഓര്‍ഡിനറി ആന്‍ഡ് പ്ലീനിപൊട്ടന്‍ഷ്യറി ആയി നിയമിതനായി. ശേഷം ഫ്രാന്‍സ്, സ്‌പെയിന്‍, യു.കെ എന്നിവിടങ്ങളിലെ ബഹ്റൈന്റെ അംബാസിഡറായി സേവനമനുഷ്ഠിച്ചു. 1999ല്‍ ഇറാനിലെ സേനവനങ്ങള്‍ക്ക് ശേഷം 2001ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.