മനാമ: സാറില്‍ മെയ് 30ന് നടന്ന വാഹനാപകടത്തിന്റെ വിധി ജൂലൈ 16ന്. കഴിഞ്ഞദിവസം നടന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലിന്റെയും വാദങ്ങള്‍ കേട്ട കോടതി, വിധി പ്രഖ്യാപനം അടുത്ത ആഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ അഭിഭാഷകന്‍, അപകടത്തില്‍ തന്റെ കക്ഷിക്ക് ഉത്തരവാദിത്തമില്ലെന്ന് വാദിച്ചു.
അതേസമയം, പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അഞ്ചു പേരടങ്ങുന്ന കുടുംബമായിരുന്നു അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 40 വയസ്സുകാരനായ അഹമ്മദ് അല്‍ ഓറൈദ്, 36കാരിയായ ഭാര്യ ഫാത്തിമ അല്‍ ഖൈദൂം എന്നിവര്‍ സംഭവദിവസം തന്നെ മരണപ്പെട്ടു.
ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മക്കളില്‍ ഏഴു വയസ്സുകാരനായ അബ്ദുല്‍ അസീസ് ജൂണ്‍ 13നും മരിച്ചു. സാരമായ പരിക്കേറ്റ 12 ഉം ഒമ്പതും വയസ്സുള്ള കുട്ടികള്‍ ചികില്‍സക്ക് ശേഷം വിശ്രമത്തിലാണ്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തന്റെ കക്ഷിക്ക് അപസ്മാരം വന്നതുകൊണ്ടും വാഹനത്തിന്റെ ഒരു ടയര്‍ പൊട്ടിയതുമാണ് അപകടത്തിന് കാരണമായതെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഹമ്മദ് തൗഖ് വാദിച്ചു. പ്രതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ആളാണെന്നും അതിനാല്‍ ദയയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതി കഴിക്കുന്ന അപസ്മാര മരുന്നുകള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും അതിനാലാണ് രക്തപരിശോധനയില്‍ മദ്യപിച്ചതായി തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ട്രാഫിക് നിയമലംഘനമാണെന്നും പിതാവിന്റെ അനാസ്ഥയാണ് കുട്ടികളുടെ പരിക്കുകള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, പ്രതിയുടെ പ്രവൃത്തികളെ ‘പൊറുക്കാനാകാത്തത്’ എന്ന് വിശേഷിപ്പിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നും അവര്‍ ആരോപിച്ചു. ഇത് സാധാരണ ട്രാഫിക് അപകടമല്ലെന്നും മറിച്ച് അമിതമായ അനാസ്ഥ, അങ്ങേയറ്റത്തെ അശ്രദ്ധ, നിയമങ്ങളോടും മനുഷ്യജീവനോടുമുള്ള അവഗണന എന്നിവ ഉള്‍പ്പെടുന്ന ഒരു കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.