മനാമ: രാജ്യത്തെ വരള്‍ച്ചയെ നേരിടാനുള്ള നൂതന പദ്ധതിയുമായി ബഹ്റൈന്‍ സ്‌പേസ് ഏജന്‍സി (ബിഎസ്എ). ഭൂമിക്കടിയിലെ ജലസ്രോതസ്സുകള്‍ കണ്ടെത്താന്‍ ഉപഗ്രഹ ഡേറ്റ ഉപയോഗിക്കുന്ന പദ്ധതിയാണ് ബിഎസ്എ സമര്‍പ്പിച്ചത്. വരള്‍ച്ചയെയും മരുഭൂമിയായി മാറുന്ന പ്രക്രിയയേയും തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഇത് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഭൂഗര്‍ഭജലം കണ്ടെത്തുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ബ്രസീലിലെയും യുകെയിലെയും വിദഗ്ധരുമായി സഹകരിച്ച് സ്‌പേസ് എന്‍ജിനീയര്‍ ആയിശ അല്‍ ജൗദറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ‘ബഹിരാകാശ ജലപദ്ധതി’സംരംഭത്തില്‍ പങ്കെടുക്കാനും പ്രതിസന്ധികള്‍ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും അവസരം നല്‍കിയതിന് യുഎന്‍ ഓഫിസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സിന് അവര്‍ നന്ദി പറഞ്ഞു.
ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ബഹിരാകാശ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. യുണൈറ്റഡ് നേഷന്‍സ് ഓഫിസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സ്, പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ വാട്ടര്‍ എന്നിവയുമായി സഹകരിച്ച് ‘ബഹിരാകാശ ജലപദ്ധതി’സംരംഭത്തിന്റെ ഭാഗമായാണ് ബിഎസ്എ ഈ പദ്ധതി പ്രഖ്യാപിച്ചത്.