18 വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയും കുടുംബവും നാടണഞ്ഞു

20250710224228gulfdailynewsgdn(98)

മനാമ: 18 വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി അഷ്റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍കുട്ടികള്‍ നാടണഞ്ഞു. 2007ല്‍ ബഹ്‌റൈനിലെത്തിയ അഷ്‌റഫ് ബുദൈയ്യയില്‍ ഒരു കോള്‍ഡ് സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് കുടുംബത്തെയും കൊണ്ടുവന്നു.

2012ല്‍ മൂത്തമകളായ റിഫ ഷെറിന്റെയും 2013ല്‍ ഭാര്യയുടെയും വിസ കാലാവധി തീര്‍ന്നതോടെ നിയമക്കുരുക്കിലായി. ഇതിനിടെ ഇളയ മകള്‍ ജനിച്ചു. കുട്ടിക്ക് പാസ്പോര്‍ട്ടോ സിപിആറോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ല. സാമ്പത്തിക ഞെരുക്കം കൂടിയതോടെ റിഫയിലെ ചെറിയ മുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

ഇതിനിടെ അഷ്‌റഫിന് വൃക്കരോഗം പിടിപെട്ടു. ഈ സാഹചര്യത്തില്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അഷ്‌റഫിനായില്ല. നിയമവിരുദ്ധമായി ചില ജോലികള്‍ ചെയ്തിരുന്ന അഷ്റഫിന് രോഗം മൂര്‍ച്ഛിച്ചതോടെ അതിനും സാധിക്കാതെയായി.

കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പെട്ട പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്ററാണ് നാട്ടിലേക്കുള്ള ഇവരുടെ യാത്രക്ക് തുണയായത്. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെ സല്‍മാനിയ ആശുപത്രിയില്‍ വെച്ച് അഷ്റഫിന്റെ കത്തീറ്റര്‍ ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പിന്തുണയോടെ ഡയാലിസിസ് ചികിത്സ കുറഞ്ഞ ചെലവില്‍ നല്‍കിത്തുടങ്ങി. ഇതോടൊപ്പം മരുന്നുകള്‍, ഭക്ഷണം, വാടക തുടങ്ങിയവയുടെ ചെലവും പിഎല്‍സി ഏറ്റെടുത്തു.

ഇളയകുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പിഎല്‍സിയുടെ സഹായത്തോടെ കോടതിയില്‍ കേസ് നല്‍കി. കുട്ടി ജനിച്ച ജിദ്ദാഫസിലെ ആശുപത്രിയിലെ കുടിശ്ശിക തീര്‍ക്കുകയും പാര്‍ലമെന്റ് എംപി ഹസന്‍ ഈദ് ബുഖമ്മാസിന്റെ പിന്തുണയോടെ സിഐഒയിലെ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. കോടതി ഇളയമകളുടെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. ഇതിനിടെ ഭാര്യയുടെയും മൂത്തമകളുടെയും ഔട്ട് പാസുകള്‍ ഇന്ത്യന്‍ എംബസി വഴി ലഭ്യമാക്കി.

16 വര്‍ഷത്തെ കുടിശ്ശികയായ എമിഗ്രേഷന്‍ പിഴകളും അടച്ചതിന് ശേഷം ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് സെക്രട്ടറി രവി ജെയിന്‍, സെക്കന്‍ഡ് സെക്രട്ടറി രവി സിങ് എന്നിവരുടെ പിന്തുണയോടെ ഇന്ത്യന്‍ എംബസി അഷ്‌റഫിനും കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് എടുത്തുനല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!