മനാമ: അറാദില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റസ്റ്റോറന്റ് ഉടമയെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഉടമയെ വെറുതെ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അപകടം നടന്നത്. തകര്‍ന്ന കെട്ടിടത്തിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുണ്ടായ ഗ്യാസ് ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് വിലയിരുത്തിയാണ് ഇദ്ദേഹത്തെ പ്രതി ചേര്‍ത്തത്.
റസ്റ്റോറന്റ് ഉടമ സിവില്‍ ഡിഫന്‍സ് പുറപ്പെടുവിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും വ്യവസായ വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ പ്രവര്‍ത്തനാനുമതികള്‍ നേടിയിട്ടുണ്ടെന്നും ലോവര്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന കേസ് വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. രാജ്യത്തെ വാണിജ്യ രജിസ്‌ട്രേഷന്‍ ചട്ടക്കൂട് അനുസരിച്ച് ബിസിനസിന് പൂര്‍ണ ലൈസന്‍സും നിയമപരമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും ഉണ്ടായിരുന്നെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
റസ്റ്റോറന്റിന് പ്രവര്‍ത്തിക്കാനാവശ്യമായ സിവില്‍ ഡിഫന്‍സ്, ആരോഗ്യ മന്ത്രാലയം, മുനിസിപ്പല്‍ അധികാരികള്‍ എന്നിവരില്‍ നിന്നുള്ള എല്ലാ രേഖകളും കോടതി പരിശോധിച്ചുറപ്പിക്കുകയും ചെയ്തു. കേസില്‍ പ്രതിപാദിക്കപ്പെട്ട ഗ്യാസ് സെന്‍സറുകളുടെ അപാകത ഈ കേസിന് ആധാരമാകില്ലെന്നും കോടതി കണ്ടെത്തി. അത്തരം സെന്‍സറുകള്‍ സിവില്‍ ഡിഫന്‍സിന്റെ അംഗീകൃത പട്ടികയില്‍ ഇല്ലെന്നും അവ പ്രവര്‍ത്തനരഹിതമായി എന്നതിനോ അപകടത്തിന് കാരണമായി എന്നതിനോ തെളിവില്ലെന്നും പ്രതിഭാഗം അറിയിച്ചു.
ഗ്യാസ് എങ്ങനെയാണ് ചോര്‍ച്ചയുടെ കൃത്യമായ ഉറവിടം കണ്ടെത്താനും അന്വേഷകര്‍ക്ക് കഴിഞ്ഞില്ല. റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറുകള്‍ പുറത്താണ് സൂക്ഷിച്ചിരുന്നതെന്നും സ്‌ഫോടനത്തില്‍ അവക്ക് പങ്കുണ്ടാകാന്‍ സാധ്യതയില്ലെന്നും ക്രൈം സീന്‍ ഉദ്യോഗസ്ഥന്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. ചോര്‍ച്ച റസ്റ്റോറന്റുമായി ബന്ധമില്ലാത്ത മറ്റൊരു സിലിണ്ടറില്‍ നിന്നാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അത്തരമൊരു സാഹചര്യത്തില്‍, അംഗീകൃത സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായാല്‍ പോലും അപകടം തടയാന്‍ സാധ്യതയില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.