മനാമ: ബഹ്റൈനിലെ ഏറ്റവും തിരക്കേറിയ കിംഗ് ഫഹദ് കോസ്വേയില്‍ ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ളത്തീഫ് സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭയ്ക്കും പാര്‍ലമെന്റിനും ശൂറ കൗണ്‍സിലിനും അവലോകനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ ഇവി ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കിംഗ് ഫഹദ് കോസ്വേയില്‍ ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തുടനീളമുള്ള ബാപ്കോ ടാസ്വീഡ് പ്രവര്‍ത്തിപ്പിക്കുന്ന പെട്രോള്‍ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് പ്രധാന ഹൈവേകളിലും ഇന്റര്‍സിറ്റി റൂട്ടുകളിലും ചാര്‍ജറുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബഹ്റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ, ജിസിസിയിലെ ഏറ്റവും തിരക്കേറിയ കരമാര്‍ഗങ്ങളിലൊന്നാണ്.