മനാമ: ജിദ് അല്‍ ഹാജില്‍ പുതിയ പരിസ്ഥിതി സൗഹൃദ പാര്‍ക്ക് നിര്‍മിക്കാന്‍ അനുമതി. നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനും ഏരിയ കൗണ്‍സിലറുമായ ഡോ. സയ്യിദ് ഷുബ്ബാര്‍ അല്‍ വിദാഇ അവതരിപ്പിച്ച നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. പാര്‍ക്കിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പ്ലോട്ട് അനുവദിക്കാന്‍ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.
ജിദ് അല്‍ ഹാജിലെ ബ്ലോക്ക് 514, റോഡ് 1459ല്‍ സ്ഥിതി ചെയ്യുന്ന 04014297 എന്ന പ്ലോട്ടാണ് ഇതിനായി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സര്‍ക്കാറിന്റെ പേരിലുള്ള സ്ഥലമാണെന്നും പൊതു ഉപയോഗത്തിനായി മാറ്റിയിട്ടതാണെന്നും സേവന, പൊതു യൂട്ടിലിറ്റീസ് സമിതി ചെയര്‍മാന്‍ അബ്ദുല്ല അല്‍ തവാദി പറഞ്ഞു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റൈഡുകളോടുകൂടിയ പരിസ്ഥിതി സൗഹൃദ പാര്‍ക്ക് നിര്‍മിക്കാനാണ് നിര്‍ദേശം. പൊതുജനത്തിന്റെ ആവശ്യം പരിഗണിച്ചാണ് പാര്‍ക്ക് അനുവദിച്ചത്. പ്രദേശത്ത് തുറന്ന സ്ഥലങ്ങളില്‍ വിനോദത്തിനും സാമൂഹിക ഇടപെടലിനുമായി ഒരു പൊതു പാര്‍ക്ക് വേണമെന്നാവശ്യപ്പെട്ട് താമസക്കാരില്‍നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചതായി ഡോ. അല്‍ വിദാഇ പറഞ്ഞു.
അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയും പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍ദേശം തുടര്‍ അനുമതികള്‍ക്കായും അവലോകനത്തിനായും മുനിസിപ്പല്‍, കാര്‍ഷിക മന്ത്രി വാഇല്‍ ബിന്‍ നാസിര്‍ അല്‍ മുബാറകിന് കൈമാറിയിട്ടുണ്ട്. അംഗീകാരം ലഭിക്കുകയാണെങ്കില്‍ 2026ലെ ബജറ്റില്‍ പണം അനുവദിക്കാന്‍ സാധ്യതയുണ്ട്.