മനാമ: ബഹ്റൈന്‍ സാഖിര്‍ ഇന്റര്‍നാഷണല്‍ കാര്‍ട്ടിംഗ് സര്‍ക്യൂട്ടില്‍ നടക്കുന്ന റോട്ടക്‌സ് മാക്‌സ് ചാലഞ്ചില്‍ പങ്കെടുക്കാനൊരുങ്ങി മലയാളിയും ബഹ്റൈനില്‍ താമസക്കാരനുമായ ഫര്‍ഹാന്‍ ബിന്‍ ഷഫീല്‍ (14). ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്‍, പ്രൊഫഷണല്‍ കാര്‍ട്ടിങ് ടീമായ നോര്‍ത്ത്സ്റ്റാര്‍ റേസിങ്ങിനൊപ്പം കഠിന പരിശീലനത്തിലാണ്. സീനിയര്‍ മാക്സ് വിഭാഗത്തിലാണ് പങ്കെടുക്കുന്നത്.
വണ്ടികളെ കുറിച്ചുള്ള താത്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ കാറുകളുടെ ബ്രാന്‍ഡുകള്‍ തിരിച്ചറിയുന്നതില്‍ കുഞ്ഞു ഫര്‍ഹാന്റെ കഴിവ് കുടുംബത്തെ അത്ഭുതപ്പെടുത്തി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ഷഫീലിന്റെയും, ഷെറീനയുടെയും 4 മക്കളില്‍ മൂത്തമകനാണ് ഫര്‍ഹാന്‍.
ഫര്‍ഹാന്റെ ആദ്യ ട്രാക്ക് അനുഭവം ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കാര്‍ട്ടിങ് സര്‍ക്യൂട്ടിലെ (BIKC) റെന്റല്‍ കാര്‍ട്ട് സെഷനിലൂടെയായിരുന്നു. അതിനുശേഷം നടന്ന 24 മണിക്കൂര്‍ കാര്‍ട്ടിങ് അസസ്‌മെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫര്‍ഹാനെ നോര്‍ത്ത്സ്റ്റാര്‍ റേസിങ് ടീമില്‍ അംഗമാക്കി.
ഇപ്പോള്‍ സ്വന്തം കാര്‍ട്ട്, ഔദ്യോഗിക റേസിംഗ് ലൈസന്‍സ്, കടുത്ത പരിശീലനക്രമം എന്നിവയോടെ ഫര്‍ഹാന്‍ മത്സര രംഗത്തേക്ക് തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ റേസിംഗ് യാത്രയ്ക്ക് വേണ്ട പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പും ഇതിനോടകം ആവശ്യമുണ്ട്. അന്താരാഷ്ട്ര ഫോര്‍മുല 1 ട്രാക്കുകളിലെത്താനുള്ള ലക്ഷ്യത്തോടെ, ഈ മേഖലയിലെ യുവ പ്രതിഭയെ പ്രതിനിധീകരിക്കാനാണ് ഫര്‍ഹാന്റെ ലക്ഷ്യം.