മനാമ: കൈ സ്‌കാന്‍ ചെയ്ത് പണം അടക്കാന്‍ സാധിക്കുന്ന പുതിയ പെയ്‌മെന്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനൊരുങ്ങി ബഹ്റൈന്‍. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിര്‍ദേശം സ്ട്രാറ്റജിക് തിങ്കിങ് പാര്‍ലമെന്ററി ബ്ലോക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. നിര്‍ദേശം നിലവില്‍ നിയമനിര്‍മാണ അവലോകനത്തിലാണ്.
പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും ബ്ലോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അല്‍ സല്ലൂം ആണ് ഈ നിര്‍ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിന് സമര്‍പ്പിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സിബിബി), ബെനിഫിറ്റ് കമ്പനി, വ്യവസായ, വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ എന്നിവയുമായി ഏകോപിപ്പിച്ച് വിശദമായ വിലയിരുത്തലിനായി നിര്‍ദേശം അല്‍ സല്ലൂമിന്റെ സമിതിക്ക് കൈമാറിയിട്ടുണ്ട്.
കൈപ്പത്തി കൊണ്ട് സ്‌കാന്‍ ചെയ്യുന്ന ‘പാം സ്‌കാന്‍ പെയ്‌മെന്റ്’ സംവിധാനം ആഗോളതലത്തില്‍, പ്രത്യേകിച്ച് ചൈനയില്‍ വലിയ രീതിയില്‍ മുന്നേറ്റം നേടിയിട്ടുണ്ട്. ടെന്‍സെന്റ് പോലുള്ള കമ്പനികളാണ് ഈ സാങ്കേതികവിദ്യക്ക് തുടക്കമിട്ടത്. ഈ സംവിധാനം ഇന്‍ഫ്രാറെഡ് ക്യാമറകള്‍ പോലുള്ള നൂതന ബയോമെട്രിക് ടൂളുകള്‍ ഉപയോഗിച്ച് വിരലടയാളങ്ങളും സിരകളുടെ പാറ്റേണുകളും തിരിച്ചറിയുന്നു.
ചൈനയിലെ സബ്വേകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും ഈ പെയ്‌മെന്റ് സംവിധാനം ഉപയോഗത്തിലുണ്ട്. കാര്‍ഡിന്റെയോ, മൊബൈല്‍ ഫോണിന്റെയോ ആവശ്യമില്ലാതെ പേയ്‌മെന്റുകള്‍ നല്‍കാന്‍ കൈ മാത്രം മതിയാകും. ഇത് വളരെ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ സാങ്കേതികവിദ്യയാണ്. ആകളുടെ ജീവിതം എളുപ്പമാക്കാന്‍ മറ്റൊരു സുരക്ഷിത ഓപ്ഷന്‍ വാഗ്ദാനം ചെയ്യുകയാണിതെന്നും എം.പി ഖാലിദ് ബു അനക് പറഞ്ഞു.