മനാമ: ബഹ്‌റൈനിലെ തീരങ്ങളില്‍ ജെല്ലിഫിഷിന്റെ സാന്നിധ്യം. രാജ്യത്തെ വിവിധ കടല്‍ഭാഗങ്ങളിലും ജനസാന്നിധ്യമുള്ള ബീച്ചുകളിലും നിലവില്‍ ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്താണ് ഇവ ക്രമാതീതമായി വര്‍ധിക്കുക. കടലിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്നത് ജെല്ലിഫിഷുകള്‍ പെരുകാന്‍ അനുകൂലമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജെല്ലിഫിഷുകളെ ഭക്ഷിക്കുന്ന കടലാമകള്‍, ചിലതരം മത്സ്യങ്ങള്‍ തുടങ്ങിയവയുടെ എണ്ണം കുറഞ്ഞതും വര്‍ധനക്കിടയാക്കുന്നു. ജെല്ലിഫിഷുകളെ സ്പര്‍ശിക്കുന്നതും അതിന്റെ ആക്രമണത്തിനിരയാകുന്നതും കഠിനമായ വേദനക്കും അസ്വസ്ഥതക്കും കാരണമാകും. അതിനാല്‍, ബീച്ചുകളില്‍ കുളിക്കാന്‍ പോകുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇവയുടെ ആക്രമണമേറ്റാലുടന്‍ ശുദ്ധജലം ഉപയോഗിച്ച് കഴുകുകയോ വൈദ്യസഹായം തേടുകയോ ചെയ്യണം. ജെല്ലിഫിഷുകളുടെ സാന്നിധ്യം അറിയിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ തീരങ്ങളില്‍ ഉണ്ടെങ്കില്‍ ശ്രദ്ധ പുലര്‍ത്തണം. ബീച്ചില്‍ ഇറങ്ങുന്നതിന് മുമ്പ് സുരക്ഷാജീവനക്കാരുമായി ആശയവിനിമയം നടത്തണം. കുട്ടികളെ കടലിലിറക്കുന്നതും ശ്രദ്ധിക്കണം.