മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് നിര്‍ദേശം. പൊതു പാര്‍ക്കുകള്‍, നടപ്പാതകള്‍, പൂന്തോട്ടങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തറാദയാണ് ആവശ്യപ്പെട്ടത്.
2009ല്‍ പുറപ്പെടുവിച്ച പുകവലിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത ഈ സ്ഥലങ്ങള്‍ കൂടി ആ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണമെന്നാണ് നിര്‍ദേശം. പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിനും ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി സാലിഹ് അല്‍ സാലിഹിനും നിര്‍ദേശം കൈമാറി.
നിലവില്‍, പുകവലിവിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ട് പ്രകാരം, പൊതു പാര്‍ക്കുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ പുകയില കഫേകള്‍ തുറക്കുന്നതിന് നിരോധനമുണ്ട്. പുകവലിക്ക് നിയുക്തമാക്കിയ സ്ഥലങ്ങളില്‍ 18 വയസ്സിന് താഴെയുള്ളവര്‍ പ്രവേശിക്കുന്നതും നിയമം വിലക്കുന്നു. എന്നാല്‍ ഇത്തരം തുറന്ന പ്രദേശങ്ങളില്‍ പുകവലി നിരോധിച്ച് വ്യക്തമായ നിയമം നിലവിലില്ല. ഇത് മുതലെടുത്താണ് പലരും ഇത്തരം സ്ഥലങ്ങളില്‍ പുകവലിക്കുന്നതെന്ന് തറാദ് പറഞ്ഞു.
പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധം, ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ ഹസന്‍ ബുഖമ്മാസ് നിര്‍ദേശത്തെ പിന്തുണച്ചു. നിര്‍ദേശം ഔദ്യോഗികമായി ഒക്ടോബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.