മനാമ: അമേരിക്കയുമായി സമാധാനപരമായ ആണവോര്‍ജ മേഖലയിലെ സഹകരണ കരാറില്‍ ഒപ്പുവെച്ച് ബഹ്റൈന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനിയും യുഎസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമണ് കരാറില്‍ ഒപ്പുവെച്ചത്.
സുസ്ഥിരവികസനത്തിന്റെയും ഊര്‍ജസുരക്ഷയുടെയും വളര്‍ച്ചക്ക് ആണവോര്‍ജത്തിനുള്ള പങ്ക് തിരിച്ചറിഞ്ഞാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവോര്‍ജമേഖലയില്‍ സഹകരണത്തിന് ലക്ഷ്യമിട്ടത്. 2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും കാലാവസ്ഥവ്യതിയാനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും നേരിടാനുള്ള ആഗോളശ്രമങ്ങളെ പിന്തുണക്കുന്നതുമായും ഇത് യോജിക്കുന്നു.
ആണവായുധങ്ങള്‍ നിര്‍മിക്കാതെ, മറ്റ് പ്രയോജനകരമായ കാര്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കുക എന്നതാണ് ഈ കരാറിന്റെ കാതല്‍. വൈദ്യുതി ഉല്‍പാദനം, ആരോഗ്യമേഖല, കൃഷി, ജല മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം എന്നിവയിലെല്ലാം ഇത് സാധ്യമാകും.
അതേസമയം, ബഹ്റൈന്‍ അമേരിക്കയുമായി വ്യോമയാനം, സാങ്കേതികവിദ്യ, വ്യവസായം, നിക്ഷേപം എന്നീ മേഖലകളിലുടനീളം 17 ബില്യണ്‍ ഡോളറിന്റെ കരാറുകളിലാണ് ഒപ്പുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.