മനാമ: ബഹ്റൈനിലെ പ്രധാന റോഡുകളില്‍ ട്രക്കുകള്‍ക്കും മറ്റ് ഭാരവാഹനങ്ങള്‍ക്കും വേഗപരിധി കുറക്കാന്‍ നിര്‍ദേശവുമായി ജനപ്രതിനിധികള്‍. അടുത്തിടെയുണ്ടായ നിരവധി അപകടങ്ങളെത്തുടര്‍ന്ന് റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഹിദ്ദ് കൗണ്‍സിലര്‍ മുഹമ്മദ് അല്‍ മെഗാവിയാണ് നിര്‍ദേശത്തിന് നേതൃത്വം നല്‍കിയത്.
നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ച് മുനിസിപ്പല്‍, കാര്‍ഷിക മന്ത്രി വാഇല്‍ ബിന്‍ നാസിര്‍ അല്‍ മുബാറക്കിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായും തൊഴില്‍മന്ത്രി ഇബ്രാഹിം അല്‍ ഖവാജയുമായും ഈ വിഷയം കൂടുതല്‍ വിലയിരുത്തുന്നതിന് ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. തുടര്‍നടപടികള്‍ വേഗത്തിലായാല്‍ നിര്‍ദേശം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.
‘ലോഡ് നിയമങ്ങള്‍ പാലിച്ചിട്ടും പല അപകടങ്ങളുണ്ടായത് വേഗപരിധി പുനര്‍നിര്‍ണയിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഞങ്ങള്‍ പ്രായോഗികവും പ്രതിരോധപരവുമായ ഒരു നടപടിയാണ് നിര്‍ദേശിക്കുന്നത്. പ്രധാന മേഖലകളില്‍ ട്രക്കുകള്‍ക്കുള്ള വേഗപരിധി കുറക്കുന്നത് റോഡപകടങ്ങളുടെ തീവ്രതയും എണ്ണവും കുറകക്കും’, മുഹമ്മദ് അല്‍ മെഗാവി സൂചിപ്പിച്ചു.