മനാമ: പുന്നപ്ര വയലാറിന്റെ സമര ഭൂമിയില്‍ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരമാണ് വിഎസ് എന്ന് ബഹ്റൈന്‍ പ്രതിഭ. ‘കണ്ണേ കരളെ’ എന്ന് കേരളം അദ്ദേഹത്തെ വെറുതെ വിളിച്ചതല്ല. കേരള ജനതയുടെ ഒടുങ്ങാത്ത സമരവീര്യം നിശ്ചയ ദാര്‍ഢ്യത്തോടെ അക്ഷരാര്‍ത്ഥത്തില്‍ കൈകളിലേന്തുകയായിരുന്നു വി.എസ്.
തന്റെ നാലാമത്തെ വയസില്‍ അമ്മയെ വസൂരി രോഗത്താല്‍ നഷ്ടമായ, പതിനൊന്നാം വയസ്സില്‍ അച്ഛനും ഇല്ലാതായി, ഒടുക്കം ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജ്യേഷ്ഠന്റെ തയ്യല്‍ക്കടയില്‍ സഹായിയായി നിന്ന, കയര്‍ തൊഴിലാളിയായി ജീവിച്ച ഒരു ബാലന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും, പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവുമായി നിന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയവും നിലപാടും സാധാരണക്കാരായ നിരാലംബരായ മനുഷ്യര്‍ക്കു വേണ്ടി ഉള്ളതായിരുന്നു എന്നത് കൊണ്ട് തന്നെയാണ്. കേരളത്തിലെ മുഖ്യമന്ത്രിയായി നിന്നവരില്‍ നൂറ് വയസ് പിന്നിട്ട ആദ്യ വ്യക്തിത്വം കൂടിയാണ് സഖാവ് വിഎസ്.
നിരാലംബര്‍ക്കും, സാധാരണക്കാര്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നാനാ വിഭാഗം ജനവിഭാഗങ്ങള്‍ക്കും എന്ന് വേണ്ട പരിസ്ഥിതി, സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള പുതിയകാല രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അര്‍ഥമറിഞ്ഞു ഏറ്റെടുത്ത് മറ്റുള്ളവരെക്കൊണ്ട് നിലപാട് എടുപ്പിച്ചും സ്വന്തം നിലപാടുകള്‍ പുതുക്കി പണിഞ്ഞും മാതൃകയായ വിഎസ് അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സമാനതകള്‍ ഇല്ലാത്ത സമരങ്ങള്‍ നയിച്ച് നിലപാടുകള്‍ പുതുക്കിപ്പണിയുക മാത്രമല്ല, കാലാനുസൃതമായി സ്വയം നവീകരിക്കുകയും, ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് അത് വിപുലമാക്കി അതുവഴി താനുള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടെയും എതിര്‍ മുന്നണിയുടെ പോലും നിലപാടുകളെ സ്വാധീനിക്കുകയും തിരുത്തുകയും ചെയ്തു.
സമര പാതയിലെ സൂര്യ തേജസ്സായി പുരോഗമന പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ച് കൊണ്ട് വി.എസിന്റെ നാമം നിലനില്‍ക്കുക തന്നെ ചെയ്യും. 2015 ല്‍ബഹ്‌റൈന്‍ നല്‍കിയ സ്വീകരണവും ആ സന്ദര്‍ശനം കൊണ്ട് പ്രവാസിയായ മലയാളികളെയാകെ ത്രസിപ്പിച്ചതും ഇത്തരുണത്തില്‍ പ്രതിഭ ഓര്‍ത്ത് പോകുന്നു. തന്റെ നൂറ്റൊന്നാം വയസ്സില്‍ മണ്‍മറഞ്ഞ കര്‍മ്മയോഗിയായ വിപ്ലവകാരിയുടെ അത്യുജ്ജല സ്മരണക്ക് മുമ്പില്‍ പ്രതിഭ പ്രവര്‍ത്തകര്‍ ഒന്നടങ്കം നമ്രശിരസ്‌ക്കരായി അനുശോചനം രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.