മനാമ: കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ വികാരവും മനസ്സാക്ഷിയുമായിരുന്നു വിഎസ് അച്യുതാനന്ദന്‍ എന്ന് പ്രവാസി വെല്‍ഫെയര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അടിമസമാനമായ ജീവിതങ്ങള്‍ക്ക് അവകാശ ബോധത്തിന്റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍.
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വിഎസ് ഒരു പ്രതിപക്ഷനേതാവിന്റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ വഴി തെറ്റലുകളെ പൊതു ജനങ്ങളെ കൂട്ടിയാണ് അദ്ദേഹം തിരുത്താന്‍ ശ്രമിച്ചത്. തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യര്‍ക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വിഎസ്.
ജനകീയ സമരങ്ങള്‍ക്കും സിവില്‍ മൂവ്‌മെന്റുകള്‍ക്കും ജനാധിപത്യത്തിന്റെ മുറിയില്‍ പ്രത്യേക ഇടം നല്‍കിയ നേതാവ്. അതിനാല്‍ത്തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറം കേരളത്തിലെ ജനങ്ങള്‍ വിഎസിനെ ഓര്‍മിക്കും എന്ന് പ്രവാസി വെല്‍ഫെയര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.