മനാമ: ബഹ്‌റൈന്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റ് ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ചും അതിന്റെ മുന്‍നിര ആപ്പായ ലുലു മണിയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എഎഫ്എ) റീജ്യണല്‍ ഫിന്‍ടെക് പാട്ണര്‍മാരായി കരാറില്‍ ഒപ്പുവെച്ചു.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാന്‍ഷ്യല്‍സിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം കരാറില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യയില്‍ വിദേശനാണ്യ വിനിമയത്തിലെ മുന്‍നിര ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോണ്‍ ഉള്‍പ്പെടെയുള്ള ഫിനാന്‍ഷ്യല്‍ രംഗത്ത് സജീവമായ ലുലു ഫിന്‍സെര്‍വുമായാണ് കരാറില്‍ വരുന്നത്. കൂടാതെ മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ചൊവ്വാഴ്ച ദുബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന്‍ ലയണല്‍ സ്‌കലോണി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ഫൗണ്ടറും, എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജ്മെന്റിലെ മുതിര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാര്‍ ഒപ്പുവെച്ചു. 2026 ല്‍ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ വരെ കരാര്‍ നിലനില്‍ക്കും.
കരാറിന്റെ ഭാഗമായി അടുത്ത പന്ത്രണ്ട് മാസങ്ങളില്‍ ലുലുഫിനിന്റെ വിവിധ സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായും, 380 അധികം വരുന്ന ഉപഭോക്തൃ ഇടപെടല്‍ കേന്ദ്രങ്ങള്‍ വഴിയും ആവേശകരമായ നിരവധി ക്യാമ്പയ്‌നുകളും, ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പാക്കും.
ഫുട്ബോള്‍ ആരാധകര്‍ക്ക് അര്‍ജന്റീന ഫുട്ബോളിന് അധീനമായ ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കുമുള്ളതെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഭാവിക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയുളള സേവനങ്ങള്‍ക്ക് ഞങ്ങളെ ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ മനോഭാവമാണ് അര്‍ജന്റീന ടീമിനോടൊപ്പമുള്ള കരാറിലും തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക് റിജീയണ്‍ (എപിഎസി), ഇന്ത്യ എന്നിവടങ്ങളിലെ പുതിയ പ്രാദേശിക സ്പോണ്‍സറായി ലുലുഫിന്‍ കുടുംബത്തെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എഎഫ്എയുടെ അന്താരാഷ്ട്ര ബന്ധം കൂടുതല്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയുടെ ദേശീയ ടീമിനായി പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അഭിമാനകരമായ ഗ്രൂപ്പുകളുകളുമായി കൈകോര്‍ക്കുന്നത് അഭിമാനകരമാണ്. അര്‍ജന്റീനിയര്‍ ടീമിന് ഏറെ ആരാധകരുള്ള ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഈ പുതിയ കരാറിലൂടെ സാധിക്കുമെന്നതില്‍ കൂടുതല്‍ സന്തോഷകരമാണ്. ഈ കരാറിനെ ടീം വര്‍ക്കിന്റെ അതേ മൂല്യത്തോടെയും, പ്രാധാന്യത്തോടെയും ഞങ്ങള്‍ കാണുന്നതായും അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോണ്‍സര്‍മാരായി ഇന്ന് ലുലുഫിന്‍ കുടുംബത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ, ഏഷ്യ പെസഫിക് റിജ്യണ്‍, മിഡില്‍ ഈസ്റ്റ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ മുന്‍നിര ബ്രാന്റായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സുമായുള്ള ഈ പുതിയ പ്രാദേശിക സ്പോണ്‍സര്‍ഷിപ്പ്, എഎഫ്എ ബ്രാന്‍ഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവയ്പാണെന്ന് എഎഫ്എയുടെ കൊമേഴ്‌സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും ഞങ്ങള്‍ എത്തിയതിനുശേഷം, അര്‍ജന്റീനിയന്‍ ദേശീയ ടീമിന് ശക്തമായ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഈ കാലയളവില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് അര്‍ജന്റീനിയന്‍ ചാമ്പ്യന്‍മാരെ അവരുടെ ബ്രാന്‍ഡ് ഇമേജായി തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ കരാര്‍ വിപണിയില്‍ മികച്ച വിജയമാകുമെന്ന് ഞങ്ങള്‍ വളരെ ആവേശഭരിതരും ആത്മവിശ്വാസമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.