മനാമ: പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരെ വിലക്കണമെന്ന ആവശ്യവുമായി തെക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലത്തീഫ്. താമസക്കാരില്‍നിന്നും ലൈസന്‍സുള്ള വ്യാപാരികളില്‍നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്.
മീനും പച്ചക്കറികളും വില്‍ക്കുന്ന തെരുവ് കച്ചവടക്കാര്‍ ശരിയായ അനുമതിയോ, ശുചിത്വ മാനദണ്ഡങ്ങളോ, സംഭരണ സൗകര്യങ്ങളോ പാലിക്കുന്നില്ല എന്നാണ് പരാതി. കൂടാതെ, ശീതീകരണമോ ശുചിത്വപരമായ സുരക്ഷയോ ഇല്ലാതെ തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഇത്തരം കച്ചവടക്കാര്‍ ഫാര്‍മസികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സേവന കെട്ടിടങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള പ്രധാന സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
ലൈസന്‍സുള്ള കടയുടമകള്‍ വാടക, നികുതി, ഫീസ് തുടങ്ങി എല്ലാം നല്‍കി പ്രവര്‍ത്തിക്കുമ്പോള്‍, അനധികൃത കച്ചവടക്കാര്‍ ഈ ചിലവുകളില്ലാതെയാണ് കച്ചവടം നടത്തുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. ഇത് മറ്റു ബിസിനസ്സുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പലതിനെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുകയും ചെയ്യുന്നു.
തെരുവ് കച്ചവടം പൂര്‍ണ്ണമായി നിരോധിക്കുക എന്നതല്ല കൗണ്‍സിലിന്റെ ലക്ഷ്യമെന്നും മറിച്ച് അതിനെ നിയന്ത്രണത്തിലാക്കുക എന്നതാണെന്നും അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ബഹ്റൈന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് തെരുവ് കച്ചവടം എന്നത് അംഗീകരിക്കുന്നുവെന്നും എന്നാല്‍, പൊതുജനാരോഗ്യം, സുരക്ഷ, ന്യായമായ ബിസിനസ് രീതികള്‍ എന്നിവയെ ഇത് ബാധിക്കാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് കച്ചവടക്കാര്‍ക്കും കടയുടമകള്‍ക്കും ഒരേ മാനദണ്ഡങ്ങള്‍ ബാധകമാക്കുകയും, ലൈസന്‍സിംഗ് പ്രക്രിയകള്‍ കര്‍ശനമാക്കുകയും ചെയ്യണം. മുനിസിപ്പാലിറ്റികള്‍, പോലീസ്, പൊതുജനാരോഗ്യ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായി പരിശോധനാ കാമ്പെയ്നുകള്‍ നടത്തുകയും, കച്ചവടക്കാര്‍ക്ക് നിയമപരമായി സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന നിയന്ത്രിതവും ശുചിത്വമുള്ളതുമായ സ്ഥിരം മാര്‍ക്കറ്റ് ഏരിയകള്‍ സ്ഥാപിക്കണമെന്നും അതു വഴി ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കുകയും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.