മനാമ: ലാഭം, ബോര്‍ഡ് അലവന്‍സുകള്‍ എന്നിവ ലഭിക്കാതിരുന്ന ഒരു കമ്പനിയിലെ പാര്‍ടണറിന് 13,597 ദിനാര്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ബഹ്റൈന്‍ സിവില്‍ കോടതി. 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷം ഈ പങ്കാളിക്ക് ലാഭവിഹിതം ലഭിച്ചില്ലെന്ന് ഹൈ സിവില്‍ കോടതി കണ്ടെത്തി. മറ്റ് രണ്ട് പാര്‍ട്ണര്‍മാരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
കോടതി അംഗീകരിച്ച ഫൈനാന്‍ഷ്യല്‍ റെക്കോഡില്‍ ഈ കാലയളവില്‍ കമ്പനി പണം ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. ഓരോ പങ്കാളിക്കും പ്രതിമാസ അലവന്‍സും ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷക സാറാ ഫൗദ് അതിഖ് കോടതിയെ അറിയിച്ചു. തന്റെ കക്ഷിയെ ആ പേയ്‌മെന്റുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അവര്‍ വാദിച്ചു.
വാദം കേള്‍ക്കുന്നതിനിടയില്‍ അവതരിപ്പിച്ച വിദഗ്ദ്ധ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ കമ്പനി ലാഭത്തിലായതായി സ്ഥിരീകരിച്ചു. പണം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും അത് വരുമാനത്തിന്റെ ശരിയായ വിതരണത്തെ തടസ്സപ്പെടുത്തിയതായും കോടതി കണ്ടെത്തി. കോടതി ചാര്‍ജുകള്‍, നിയമപരമായ ഫീസ്, വിദഗ്ദ്ധ റിപ്പോര്‍ട്ടുകളുടെ ചെലവ് എന്നിവയും കമ്പനി വഹിക്കണം.